Translate

Wednesday, December 14, 2016

മാതൃ പഞ്ചകം - അമ്മയുടെ മഹത്വം

ശങ്കരാചാര്യര്‍ രചിച്ച കൃതിയാണ് മാതൃ പഞ്ചകം*,
 "ഇതില്‍ അമ്മയുടെ മഹത്വം നമുക്ക് ദര്‍ശിക്കാം".
 എട്ടാം വയസ്സിൽ സന്യസിച്ച്‌ ദേശം വിട്ട ശങ്കരൻ അമ്മയ്ക്ക് വാക്കു കൊടുത്തിരുന്നു.
 "*എന്നെ കാണണമെന്ന് ആഗ്രഹിക്കുന്ന സമയം ഒന്നു സ്മരിച്ചാൽ മതി. ഞാൻ അമ്മയുടെ മുന്നിലെത്തിക്കൊള്ളാം*".
 അന്ത്യവേളയിൽ അമ്മ മകനെ സ്മരിച്ചു. ശങ്കരൻ ഉടൻ എത്തുകയും ചെയ്തു.
 മഹാതപസ്വിയായ മകന്റെ സന്നിധിയിൽ വെച്ച് ആ പുണ്യവതിയായ മാതാവ് ശരീരം വെടിഞ്ഞു.
 അമ്മയുടെ ശവസംസ്കാര ചടങ്ങുകൾ ചെയ്യവേ ആ പുത്രൻ അഞ്ച് ശ്ലോകങ്ങൾ ചൊല്ലി.
 അതാണ് '*മാതൃപഞ്ചകം*' .
 ശ്രീ ശങ്കരൻ അമ്മയെ വന്ദിക്കുന്നത് ഇങ്ങനെ;
 "നില്‍ക്കട്ടേ പേറ്റുനോവിന്‍ കഥ, രുചികുറയും കാലം,
ഏറുംചടപ്പും പൊയ്ക്കോട്ടേ, കൂട്ടിടേണ്ടാ,മലമതിലൊരുകൊല്ലം കിടക്കുംകിടപ്പും നോക്കുമ്പോള്‍,
ഗര്‍ഭമാകും വലിയ ചുമടെടുക്കുന്നതിന്‍ കൂലിക്കും തീര്‍ക്കാവല്ലെത്രയോഗ്യന്‍ മകനും അതുനിലയ്ക്കുള്ളോരമ്മേ തൊഴുന്നേന്‍".
 ''പ്രസവവേളയിൽ എന്റെ അമ്മ അനുഭവിച്ച വേദന, ആർക്ക് വിവരിക്കാനാവും?
 ഞാൻ ശർഭത്തിലായിരിക്കെ ശരീരം ക്ഷീണിച്ച്, ആഹാരത്തിന് രുചി കുറഞ്ഞ് ഛർദ്ദിച്ചും, വിഷമിച്ചും തള്ളി നീക്കിയ
ആ ദിവസവങ്ങൾ.
 ജനനശേഷം ഒരു വർഷത്തോളം മലമൂത്രാദികളിൽ കിടന്ന് മലിനമാകുന്ന കുഞ്ഞിനെ പരിചരിക്കാനുള്ള കഷ്ടപ്പാട്, ഉറക്കം ഒഴിഞ്ഞുള്ള പരിചരണം, പട്ടിണി കിടന്നും കുഞ്ഞിനെ പോറ്റുന്ന അമ്മ, ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ത്യാഗം ചെയ്തിട്ടുള്ള അമ്മയോട് ഏതു മകനാണ് ആ കടം തീർക്കാൻ കഴിയുക.
 അമ്മേ! ഒരു മകൻ എത്ര വലിയവനായാലും, അവിടത്തോടുള്ള കണക്കുതീർക്കാൻ സാധ്യമല്ല.
അതിനാൽ അവിടുത്തെ ഞാൻ നമിക്കുന്നു.
 "*ഗുരുകുലത്തിൽ പഠിക്കുമ്പോൾ, ഞാൻ സന്യസിച്ചതായി സ്വപ്നം കണ്ട് അതിരാവിലെ പൊട്ടിക്കരഞ്ഞുകൊണ്ട് ഓടി വന്ന അമ്മ ഇപ്പോഴും എന്റെ സ്മൃതിപഥത്തിലുണ്ട്*".
 'നീ എന്നെ ഉപേക്ഷിച്ചു പോവുകയാണോ' എന്നു കരഞ്ഞുകൊണ്ട് ഓടിവന്ന അമ്മയെക്കണ്ട് സഹപാഠികളും എന്റെ ഗുരു ജനങ്ങളും കൂടി കരഞ്ഞുപോയി.
 "അമ്മേ, ആ സ്നേഹത്തിനു മുന്നിൽ നമസ്കരിക്കാൻ മാത്രമേ ഈ മകനു കഴിയൂ.....
 "അമ്മേ, അവിടുന്നു ശരീരം വെടിയുന്ന വേളയിൽ ഒരു തുള്ളി ഗംഗാജലം ചുണ്ടുകളിലിറ്റിക്കാൻ എനിക്കു കഴിഞ്ഞില്ല.
 സന്യാസിയായതിനാൽ ശ്രാദ്ധമൂട്ടാനും എനിക്കാവില്ല. അമ്മയ്ക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയാതിരുന്ന ഈ മകനോട് ദയവു ചെയ്ത് പൊറുക്കേണമേ!
 "നീ, എന്റെ മുത്തല്ലേ, രത്നമല്ലേ, കണ്ണിന്റെ കണ്ണല്ലേ, എന്റെ രാജാവല്ലേ ദീർഘായുസ്സായിരിക്കൂ,എന്നൊക്കെ പറഞ്ഞ് അമ്മ എന്നെ കുട്ടിക്കാലത്ത് ലാളിച്ചു.
 ആ അമ്മയുടെ വായിൽ ഉണക്കലരി ഇടാൻ മാത്രമല്ലെ എനിക്കിന്ന് കഴിയുന്നുള്ളു.
 പ്രസവവേദന സഹിക്ക വയ്യാതെ, 'അമ്മേ, അച്ഛാ .... ശിവാ... കൃ ഷ്ണാ... ഗോവിന്ദാ, ഹരേ മുകുന്ദാ.... '
 എന്നിങ്ങനെ തിരുനാമം ചൊല്ലി അമ്മവേദന സഹിച്ചിരുന്നതായി കേട്ടിട്ടുണ്ട്.
 അമ്മേ. അവിടുത്തെ സന്നിധിയിൽ ഞാനിതാ കൂപ്പു കയ്യോടെ വന്ദിക്കുന്നു.
 എല്ലാം ത്യജിച്ച സന്ന്യാസി പോലും 'അമ്മ' എന്ന രണ്ടക്ഷരത്തിനു മുന്നിൽ തലകുനിക്കുന്നു.
 കാരണം ആ രണ്ടക്ഷരത്തിൽ പരമ ദിവ്യമായ ഈശ്വരഭാവം തുളുമ്പി നില്ക്കുന്നുണ്ട്.
 വിശ്വ ജേതാവായ ശ്രീ ശങ്കരനാണ് അമ്മയോടുള്ള കണക്കു തീർക്കാൻ ഒരു സന്താനത്തിനും കഴിയുകയില്ലെന്നു ഉറപ്പിച്ചു പറഞ്ഞത് .
 നമുക്കൊക്കെ ചെയ്യാൻ കഴിയുന്നത് അമ്മയെ തൊഴുക മാത്രം.
 എത്രയോ കഷ്ടപ്പെട്ടിട്ടാണ് അമ്മ എന്നെ ഈ നിലയിൽ ആക്കിയതെന്ന് ഉള്ളുരുകി അറിയുക.
 ഈ അറിവ് അമ്മയുടെ മുന്നിൽ നമ്മെ വിനയാന്വിതനാക്കും.
വിനയമുള്ള മകനിൽ അമ്മയുടെ അനുഗ്രഹം അമ്മയറിയാതെ തന്നെ ചൊരിയപ്പെടും.
 അമ്മയുടെ അനുഗ്രഹമാണ് നമ്മുടെ ഭാവിയുടെ അടിസ്ഥാന ശില........⁠⁠⁠⁠

വിഘ്നേശ്വരക്ഷേത്രത്തില് എന്തിനാണ് ഏത്തമിടുന്നത്?

വിഘ്നങ്ങളൊഴിയാന്, ഗണപതിക്ഷേത്രത്തില് തൊഴുതുമടങ്ങാന്, ഭക്തര്ക്ക്‌ താല്പര്യ മേറെയുണ്ടെങ്കിലും ഏത്തമിടുന്ന കാര്യത്തില് പലരും പിന്നിലാണ്. അഥവാ ഏത്തമിട്ടാല്പ്പോലും കൈപിണച്ച് രണ്ടു ചെവിയിലും തൊട്ട് ദേഹമിട്ടൊന്നു കുലുക്കുന്നതാണ്പതിവ്.”വലം കയ്യാല് വാമശ്രവണവുമിട
കൈവിരലിനാല്വലം കാതും തോട്ടക്കഴലിണ പിണച്ചുള്ള നിലയില്നിലം കൈമുട്ടാലെ പലകുറി തൊടുന്നേ നടിയനി-ന്നലം കാരുണ്യാബ്ധേ! കളക മമ വിഘ്നം ഗണപതേ!”മേലുദ്ധരിച്ച മന്ത്രം ചൊല്ലികൊണ്ടാണ് ഗണപതി ഭഗവാനെ വന്ദിക്കേണ്ടത്,ഏത്തമിടേണ്ടത്. അതായത് വലംകൈ കൊണ്ട് ഇടത്തെ കാതും ഇടതുകൈകൊണ്ട് വലത്തെ കാതും തൊട്ടുകൊണ്ടും കാലുകള് പിണച്ചു നിന്നുകൊണ്ടും കൈമുട്ടുകള് പലവട്ടം നിലം തൊടുവിച്ച് ഗണപതിയെ വന്ദിക്കുന്നുവെന്ന് സാരംമറ്റൊരു ദേവസന്നിധിയിലുംഏത്തമിടുക എന്നൊരു വിധിയില്ല. എന്നാല് ഗണപതി സന്നിധിയില് പ്രധാനവുമാണ്.ഇടതു കാലിന്മേല് ഊന്നിനിന്ന് വലത്ത് കാല് ഇടത്തുകാലിന്റെ മുമ്പില്ക്കൂടിഇടത്തോട്ട് കൊണ്ടുപോയി പെരുവിരല് മാത്രം നിലത്തുതൊടുവിച്ച് നില്ക്കണം. ഇടതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൂടി വലത്തെ ചെവിയും വലത്തേ കൈ ഇടത്തേതിന്റെ മുന്വശത്തുകൂടിഇടത്തോട്ട് കൊണ്ടുപോയി വലതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൊണ്ട് ഇടത്തേ ചെവിയും പിടിക്കണം. എന്നിട്ടാണ് കുമ്പിടുകയും നിവരുകയും ചെയ്യേണ്ടത്. ഇങ്ങനെയാണ് ഏത്തമിടുന്നത്.ഭക്തനെ ആശ്രയിച്ചിരിക്കും ഇത് എത്ര പ്രാവശ്യം ചെയ്യണമെന്നത്. സാധാരണയായി മൂന്ന്, അഞ്ച്, ഏഴ്, പന്ത്രണ്ട്, പതിനഞ്ച്, ഇരുപത്തൊന്ന്, മുപ്പത്തിയാറ് ഇങ്ങനെ പലവിധത്തില് ചെയ്യാറുണ്ട്.ഇത്തരത്തില് ചെയ്യുന്ന ഭക്തരില് നിന്നും വിഘ്നങ്ങള് മാഞ്ഞുപോകുമെന്നാണ് വിശ്വാസം.എന്നാല് ശാസ്ത്രീയമായി ഇതിനെ ബുദ്ധിയുണര്ത്തുന്ന ഒരു വ്യായാമമുറയായിട്ടാണ് പരിഗണിച്ചു വരുന്നത്. രക്തചംക്രമണത്തിനുവേണ്ടുന്ന ഈ വ്യായാമമുറയിലൂടെ തലച്ചോറിലേക്ക് രക്തത്തിന്റെ ഒഴുക്ക് കൂടുമെന്നാണ് കണ്ടുപിടുത്തം.⁠⁠⁠⁠

ചാതുര്‍വര്‍ണ്യം

ചാതുര്‍വര്‍ണ്യം ഞാന്‍ സൃഷ്ടിച്ചതാണ് എന്നാണു ഭഗവാന്‍ ഗീതയില്‍ പറഞ്ഞിരിക്കുന്നത് എന്നാല്‍ , ഇത് ഹിന്ദു മതത്തെ പഴിചാരുവനാണ് യുക്തിവാദികളും പല മത നേതാക്കന്മാരും ഉപയോഗിക്കുന്നത് . പക്ഷെ ഇവര്‍ ഈ വാക്യത്തിന്‍റെ പൊരുള്‍ എന്തെന്ന് അറിയുന്നില്ല. അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കാറില്ല.
ചാതുര്‍വര്‍ണ്യം എന്നാല്‍ നാല് ജാതി എന്നല്ല ഭൂമിയില്‍ വസിക്കുന്ന നാല് തരം ഗുണങ്ങളോട് കൂടിയ ജന വിഭാഗങ്ങള്‍ ആണ്
സത്വഗുണം
സത്യം,സഹിഷ്ണുത,സമഭാവന, നിഷ്കാമ ഭക്തി,അഹിംസ എന്നീ ഗുണങ്ങളോട് കൂടിയതും യമ നിയമങ്ങള്‍ അനുസരിച്ച് പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുന്ന ഏതൊരു മനുഷ്യനും സത്വഗുണശാലി ആണ് .. അവന്‍ ആണ് ബ്രാഹ്മണന്‍. പരബ്രാഹ്മണന്‍ ആയ ഭഗവാന് തൊട്ടു താഴെ ആണ് ഇവര്‍ക്ക് സ്ഥാനം. അതിനാലാണ് വേദകാലം മുതല്‍ ക്ഷേത്രങ്ങളില്‍ പൂജകന്മാരായി ബ്രാഹ്മണന്‍മാരെ അവരോധിക്കപ്പെടുന്ന ആചാരം നിലനിന്നത്.
 സത്വഗുണം + രജോഗുണം
ചില സത്വ ഗുണങ്ങളും ക്ഷമ , ധീരത, ബുദ്ധി , ഭരണശേഷി ,മുന്‍കോപം , എടുത്തുചാട്ടം എന്ന രജോഗുണങ്ങളും ചേര്‍ന്നവര്‍ ആണ് ക്ഷത്രിയര്‍ . ഏതൊരു നല്ല ഭരണകര്‍ത്താവും ജാതി വര്‍ണ്ണ മത ഭേദമെന്യേ ക്ഷത്രിയന്‍ ആണ്
 രജോഗുണം + തമോഗുണം
ചില രജോഗുണങ്ങളും വ്യാപാര പാടവവും , പണത്തിനോടുള്ള അത്യാര്‍ത്തിയും , അസൂയ , കുശുമ്പ് എന്നിവയും ധനം മാത്രം മനസ്സില്‍ കണ്ടുകൊണ്ടുള്ള ജീവിതരീതിയും ആചരിക്കുന്ന ഏത് വ്യക്തിയും ജാതി മത ഭേദമെന്യേ വൈശ്യന്‍ ആണ്
തമോഗുണം
അസത്യ ഗുണങ്ങള്‍ അടങ്ങിയവര്‍ ആണ് ശൂദ്രന്‍മാര്‍ , സഹജീവികളെ ഹിംസിക്കുക , മോഷണം, എപ്പോഴും കളവു പറയുക , പ്രകൃതിക്ക്‌ ഹാനികരമായ പ്രവൃത്തികള്‍ ചെയ്യുക. എന്നിങ്ങനെ സാമൂഹിക ജീവിതത്തില്‍ ഉള്ള ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നവര്‍ എല്ലാം ജാതി മത ഭേത മേന്യേ ശൂദ്രന്മാര്‍ ആണ് അവരെ തൊട്ടാല്‍ എന്നല്ല തീണ്ടിയാല്‍ പോലും കുളിക്കണം , അവരെ ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കരുത് എന്ന് പോയിട്ട് അതിന്‍റെ അടുത്ത് കൂടിയുള്ള പാതകളില്‍ പോലും പ്രവേശിപ്പിക്കരുത് എന്നൊക്കെ ഉള്ള പഴയ നിയമങ്ങളുടെ ഒക്കെ പൊരുള്‍ ഇപ്പോള്‍ പിടികിട്ടിയിട്ടുണ്ടാവും എന്ന് വിശ്വസിക്കട്ടെ
എന്നാല്‍ കലികാലത്തിന്‍റെ മൂര്‍ച്ചാവസ്ഥയില്‍ പല ബ്രാഹ്മണരായി പിറന്നവരും വൈശ്യന്‍മാരവുകയും പണത്തില്‍ മുങ്ങിക്കിടന്ന് അലസന്മാരായി സമൂഹത്തിന് ഒരു ഉപകാരവും ചെയ്യാതെ സുഖലോലുപന്മാരായി " കട്ടിലില്‍ ഏറി മുറുക്കി വെടി പറഞ്ഞ് ഒട്ടുമയങ്ങിടും ആലസ്യം" എന്ന് പണ്ടു കൃഷ്ണ വാരിയര്‍ പറഞ്ഞ പോലെ ജീവിക്കുകയും , ചിലര്‍ സഹജീവികളെ ഒന്നായി കാണാതെ അവരെ തലങ്ങും വിലങ്ങും ഉപദ്രവിച്ചും ദുഷ് കര്‍മങ്ങള്‍ ചെയ്തും ശൂദ്രന്മാര്‍ ആകുകയും ചെയ്തു .
എങ്കിലും അവരുടെ മാതാ പിതാക്കള്‍ കാരണവും കുടുംബ മഹിമ കാരണവും അവര്ക്കു സമൂഹത്തില്‍ ബ്രാഹ്മണരുടെ സ്ഥാനം ലഭിക്കുകയും പിന്നീട് അവരുടെ സന്തതികള്‍ക്കും സ്വന്തം തമോ ഗുണം പറഞ്ഞ് കൊടുക്കുകയും അങ്ങനെ കാലക്രമേണ ഭാരതത്തില്‍ നിരവധി ബ്രാഹ്മണ ക്ഷത്രിയ , ബ്രാഹ്മണ വൈശ്യ ബ്രാഹ്മണ ശൂദ്ര കുടുംബങ്ങള്‍ ഉണ്ടാവുകയും ചെയ്തു .
അതുപോലെ തന്നെ പല ശൂദ്ര കുടുംബങ്ങളിലും ബ്രാഹ്മണ ചിന്താഗതി ഉള്ളവര്‍ ഉടലെടുക്കുകയും അവരെ മുഴുവന്‍ ബ്രാഹ്മണ ശൂദ്രന്മാര്‍ അടിച്ചമര്‍ത്തിയപ്പോള്‍. അല്ലെങ്ങില്‍ ജന്മം കൊണ്ടു ബ്രാഹ്മണര്‍ ആയവര്‍ കര്‍മ്മം കൊണ്ടു ബ്രാഹ്മണര്‍ ആയവരെ അടിച്ചമര്‍ത്തിയപ്പോള്‍. ഭഗവാന്‍ പണ്ടു പാര്‍ത്ഥനോട് പറഞ്ഞതു ശരി വച്ച് കൊണ്ടു. ഇവിടെ ജന്മിത്വത്തിന് എതിരെ പലരും അവതരിക്കുകയും അതിനെ വേരോടെ പിഴുതെറിയുകയും ചെയ്തു.
എങ്കിലും നിര്‍ഭാഗ്യ വശാല്‍ ഇന്നും നമ്മുടെ നാട്ടില്‍ കര്‍മം കൊണ്ടു ബ്രാഹ്മണര്‍ ആയവര്‍ തീരെ വിരളം ആണ് . എവിടെയും ബ്രാഹ്മണ വൈശ്യന്മാരും ബ്രാഹ്മണ ശൂദ്രന്മാരും തന്നെ .ഗണപതിയുടെ ജന്മനാള്‍ പോലും അറിയാതെ പലരും മഹാക്ഷേത്രങ്ങളുടെ തന്ത്രി ആയി അഹങ്കരിക്കുന്നു , മഹാഗണപതി ഹോമം വരെ നടത്തുന്നു. ജീവിതത്തില്‍ ഒരു തവണ പോലും ഗായത്രി മന്ത്രം ഉരുവിടാത്തവര്‍ പല അമ്പലങ്ങളിലും പൂജാരിമാരായി വിലസുന്നു എന്നത് എല്ലാം ബ്രാഹ്മണ ശൂദ്രന്മാരുടെ കേളി രംഗത്തിനു ചില ഉദാഹരണങ്ങള്‍ മാത്രം
ശൂദ്രനായി ജനിച്ചു പരബ്രഹ്മണന്‍ ആയ കൃഷ്ണന്‍ , മുക്കുവ കുടുംബത്തില്‍ ജനിച്ചു 4 വേദങ്ങളും , 18 പുരാണങ്ങളും , 1 ഇതിഹാസവും , ഭാഗവതവും , ഉപനിഷത്തുകളും എഴുതിയ വേദവ്യാസന്‍ , കാട്ടാളനായി ജനിച്ചു രാമ നാമം കൊണ്ടു മഹാമുനി ആയ വാത്മീകി , അസുര കുലത്തില്‍ ജനിച്ച് നാരായണ നാമം കൊണ്ടു ബ്രാഹ്മണന്‍ ആയ പ്രഹ്ലാദന്‍ , മഹാബലി ഇവര്‍ ഒക്കെ കര്‍മം കൊണ്ടു ബ്രാഹ്മണന്‍ ആയ ശൂദ്ര ബ്രാഹ്മണന്‍ മാര്‍ക്ക് ചില ഉദാഹരണങ്ങള്‍ മാത്രം.⁠⁠⁠⁠

ശുദ്ധമായ അറിവാണു ജീവൻ

ശുദ്ധമായ അറിവാണു ജീവൻ അഥവാ ആത്മാവ്‌ അല്ലെങ്കിൽ പ്രാണൻ. ഒരു കുട്ടി അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് ഈ വിശ്വമഹാപ്രപഞ്ചത്തിലേക്ക്‌ പിറന്ന് വീഴുമ്പോൾ അവൻ അല്ലെങ്കിൽ അവൾ ശുദ്ധമായ അറിവിലാണു ജനിക്കുന്നത്‌. തുടർന്ന് അവന്റെ അല്ലെങ്കിൽ അവളുടെ പ്രയാണം അറിവിൽ നിന്ന് അറിവില്ലായ്മയിലേക്കാണു. നമ്മുടെ ക്ഷേത്രങ്ങളും  പ്രാർത്ഥനകളും, ആചാരാനുഷ്ടാനങ്ങളുമെല്ലാം അവനെ/അവളെ അറിവില്ലായ്മയിൽ നിന്ന് തിരിച്ച്‌ അറിവിലേക്ക്‌ കൊണ്ടുപോകുന്ന കേന്ദ്രങ്ങളാണു. നമ്മുടെ പുരാണോതിഹാസങ്ങളും, ഉപനിഷത്തുക്കളും, ഭഗവത്ഗീതയുമെല്ലാം അറിവില്ലായ്മയിൽ നിന്ന് നമ്മളെ അറിവിലേക്ക്‌ നയിക്കുന്നു. നമ്മുടെ പ്രാർത്ഥനാരീതികളൊക്കെയും ദ്വൈതഭാവത്തിലാണു. നിരന്തരമായ പ്രാർത്ഥനകളുടേയും, ഭക്തിയുടേയും ഫലമായി ദ്വൈതഭാവത്തിൽ നിന്ന് പതുക്കെ പതുക്കെ അദ്വൈതഭാവത്തിലേക്ക്‌ ഉയരുന്നു.

ആദ്യം വിശ്വാസം, പിന്നെ ഭക്തി, ശ്രദ്ധ, അന്വേഷണം ഒടുവിൽ ആയിതീരൽ. ഈ ആയിതീരലിനെയാണു മോക്ഷം എന്നു പറയുന്നത്‌.

ആദ്യം ഒരു ഈശ്വരവിശ്വാസിയാവണം.

എന്നെ രക്ഷിക്കാൻ, എന്റെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കേൾക്കാൻ, എന്റെ ആവശ്യങ്ങൾ സാധിപ്പിച്ചുതരുവാൻ എന്നിൽ നിന്ന് അന്വമായ അദൃശ്യനായ ശക്തിയുണ്ട്‌ അതാണു ഈശ്വരൻ. ഇത്‌ വിശ്വാസമാണു. ഈ വിശ്വാസത്തിലാണു നമ്മുടെ പ്രാർത്ഥനകളും, വഴിപാടുകളും, കാര്യസാദ്ധ്യമന്ത്രജപവും, ഏകാദശി നോൽക്കലും, മുപ്പെട്ട്‌ തൊഴലും, ശയനപ്രദക്ഷിണവും, ചുറ്റുവിളക്കും, നിറമാലയും, ശത്രുസംഹാരപുഷ്പഞ്ജലിയിലും, അർച്ചനയും, ഹോമവുമെല്ലാം.ഇതൊക്കെ ചെയ്താൽ ഭഗവാൻ എന്നെ രക്ഷിക്കും.എനിക്ക്‌ ഈശ്വരനുണ്ട്‌. അദ്ദേഹത്തിന്റെ അനുഗ്രഹം മാത്രമാണു എനിക്കുള്ളത്‌ എന്ന ദൃഡമായ വിശ്വാസം ഒരുവനിൽ ഭക്തി ജനിപ്പിക്കുന്നു.

ഭക്തി പതുക്കെ ഭഗവത്‌ പ്രേമമായു മാറുന്നു. ഭഗവത്‌ പ്രേമം ഭക്തിയുടെ ഉയർന്നതലമാണു. ഭഗവത്‌ പ്രേമത്തിൽ നിന്ന് ശ്രദ്ധയിലേക്കുയരുന്നു. ഒരു അമ്മക്ക്‌ തന്റെ കുഞ്ഞിനോട്‌ പ്രേമമാണു അഥവാ വാത്സല്യമാണു ഉള്ളത്‌. അതുകൊണ്ടാണു തന്റെ കുഞ്ഞിനെ ആ അമ്മ എപ്പോഴും ശ്രദ്ധിക്കുന്നത്‌.

ശ്രദ്ധ പിന്നീട്‌ അന്വേഷണത്തിലേക്ക്‌ ഒരുവനെ നയിക്കുന്നു. അമ്മ തന്റെ കുഞ്ഞിനെ ശ്രദ്ധിക്കുന്നതുകൊണ്ടാണു അവനെ അല്ലെങ്കിൽ അവളെ അന്വേഷിക്കുന്നത്‌. പൂമുഖത്തു കളിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞിനെ അമ്മ അടുക്കളയിൽ തന്റെ ജോലികളിൽ വ്യാപൃതയായിരിക്കുമ്പോഴും "മോനെ, മോളെ" എന്നൊക്കെ ഇടയ്ക്കിടക്ക്‌ വിളിച്ചു അന്വേഷിച്ചുകൊണ്ടിരിക്കും. സ്കൂളിൽ നിന്ന് വരാൻ വൈകിയാൽ അന്വേഷിക്കും. ഇങ്ങനെ ഈ അന്വേഷണം ഉണ്ടാവുന്നത്‌ തന്റെ കുഞ്ഞിൽ ശ്രദ്ധയുണ്ടാവുമ്പോഴാണു.

ഇതുപോലെ ഭഗവാനിൽ ശ്രദ്ധയുണ്ടാവുമ്പോഴാണു അവിടെ അന്വേഷണം ആരംഭിക്കുന്നത്‌. ആ അന്വേഷണം അവസാനിക്കുന്നത്‌ ആയിതീരലിലാണു. അതായത്‌ ആരെയാണോ താൻ ഇത്രയുംകാലും വിശ്വസം, ഭക്തി,  പ്രേമം, ശ്രദ്ധ, അന്വേഷണം  തുടങ്ങിയവയിലൂടെ കണ്ടെത്തിയത്‌ അത്‌ എന്നെ തന്നെയായുരുന്നു. ഈശ്വരനെതന്നെയായിരുന്നു. അതായത്‌ ഞാനും ഈശരനും രണ്ടല്ല ഒന്നാണെന്നുള്ള ബോധം ഉദിക്കും. ഇതിനെയാണു ആത്മജ്ഞാനം എന്നു പറയുന്നത്‌. ഇങ്ങനെ ആത്മാജ്ഞാനം ലഭിച്ചവർ ഒരിക്കലും"ഞാൻ ഈശ്വരനാണു" എന്നു പറയുകയില്ല. അങ്ങിനെ പറയുന്നവരാണു "ആൾ ദൈവങ്ങൾ" യി മാറുന്നത്‌. വാസ്തവത്തിൽ "ഞാൻ" എന്നത്‌ ഇശ്വരനായി മാറുകയല്ല,  "ഞാൻ" ഈശ്വരനിൽ ഇല്ലാതാവുകയാണു ചെയ്യുന്നത്‌. ഇതാണു മോക്ഷം. ഈ തലത്തിലേക്കുയർന്നാൽ പിന്നെ താൻ ഇല്ലാതായി ഈശ്വരനിൽ ലയിച്ചു. പിന്നെ ജനിമൃതികൾ ഇല്ല.

ഒന്നാമത്തെ പടിയിൽ നിന്ന് മുകളിലെത്തെ പടിയിൽ എത്തിയ അവസ്ഥ.  മുകളിലത്തെ പടിയിലെത്തണമെങ്കിൽ ഒന്നും, രണ്ടും, മൂന്നും, നാലും. അഞ്ചും, ആറും പടികളൊക്കെ കയറിവേണം ഒടുവിലത്തെ പടിയിലെത്താൻ.

അതുകൊണ്ട്‌ നാം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രാർത്ഥനകളും, ജപവും, ക്ഷേത്രദർശ്ശനവും, വഴിപാടുചെയ്യലും, ജ്യോത്സ്യനെ കാണലും, പ്രശ്നം വെയ്ക്കലും, പ്രതിവിധി ചെയ്യലും എല്ലാം ഇതുപോലെ ഓരോ പടികളാണു. ഒടുവിൽ കാലം ഒരിക്കൽ അവനിൽ ഭക്തി, പ്രേമം, ശ്രദ്ധ, അന്വേഷണം അങ്ങിനെ മോക്ഷത്തിൽ കൊണ്ടുചെന്നെത്തിക്കും.  അതുകൊണ്ട്‌ അമ്പലത്തിൽ പോകുന്നതും, തൊഴുകുന്നതും, വഴിപാടുകൾ ചെയ്യുന്നതും ഒന്നും തെറ്റല്ല.   നമ്മുടെ നന്മക്കുവേണ്ടിയാണു എന്ന് മനസ്സിലാക്കുക. ഇതിനെയൊക്കെ വിമർശ്ശനബുദ്ധിയോടും അൽപജ്ഞാനത്തോടും കൂടി കാണുന്നവർ പ്രത്യേകിച്ചും.

ജഗദീശ്വരൻ എവരേയും അനുഗ്രഹിക്കട്ടെ.

ഓം നമോ നാരായണായ

സന്ധ്യ ദീപം - നിലവിളക്കിന്‍റെ മഹത്വം

ദിവസവും സന്ധ്യയ്ക്കു വീടുകളിൽ വിളക്കു വയ്ക്കുക എന്നതു പണ്ടൊക്കെ ആചാരത്തിന്റെ ഭാഗം തന്നെയായിരുന്നു. സൂര്യൻ അസ്തമിക്കുന്നതിനു മുൻപു വിളക്കു വയ്ക്കണം. രാത്രിയുടെ ഇരുട്ടിൽ വെളിച്ചം കാണാൻ വേണ്ടി മാത്രമായിരുന്നില്ല ആ വിളക്കുവയ്ക്കൽ. നമ്മുടെ മനസ്സുകളിൽ തിന്മയുടെ കൂരിരുട്ട് ഇല്ലാതാക്കി എപ്പോഴും നന്മയുടെ വെളിച്ചം നിലനിർത്തേണമേ എന്ന പ്രാർഥനയുടെ പ്രതീകമാണു സന്ധ്യാദീപം. “ദീപോ ഹരതു മേ പാപം സന്ധ്യാദീപ നമോസ്തു തേ...” എന്നാണ് ആ പ്രാർഥന. അല്ലയോ സന്ധ്യാദീപമേ, എല്ലാ പാപങ്ങളെയും തീർത്ത് നല്ല വഴിയിൽ നയിക്കേണമേ എന്നാണ് അർത്ഥം.
 നിലവിളക്കിന്‍റെ മഹത്വം
∙ നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണു ഭഗവാനെയും മുകൾ ഭാഗം ശിവനെയും കുറിക്കുന്നു.
∙ നിലവിളക്കിന്റെ നാളം ലക്ഷ്മിദേവിയെയും പ്രകാശം സരസ്വതിദേവിയെയും നാളത്തിലെ ചൂട് പാര്‍വ്വതി ദേവിയെയും സൂചിപ്പിക്കുന്നു.
നിലവിളക്ക് തെളിക്കുന്ന ദിക്ക്
∙രാവിലെ കിഴക്ക് ദിക്കിന് അഭിമുഖമായി വേണം തിരിതെളിയ്ക്കാൻ. ഇങ്ങനെ ചെയ്താൽ ദുഃഖങ്ങള്‍ ഇല്ലാതാകുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.
∙ വൈകിട്ട് പടിഞ്ഞാറ് പടിഞ്ഞാറ് ദിക്ക് നോക്കി നിലവിളക്ക്  തെളിയ്ക്കണം. ഇങ്ങനെ ചെയ്താൽ കടബാധ്യത തീരും. 
∙ വടക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ സമ്പത്ത് വര്‍ദ്ധനയുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.
∙ തെക്ക് ദിക്ക് നോക്കി നിലവിളക്ക് തെളിക്കരുത്.
നിലവിളക്കിലെ തിരി
∙ പഞ്ഞി കൊണ്ട് ഉണ്ടാക്കിയ തിരിയാണ് നിലവിളക്കില്‍ ഇടുന്ന തിരിയില്‍ ഏറ്റവും ശ്രേഷ്ഠം.
∙വിവാഹ തടസ്സം നീങ്ങാൻ ചുവപ്പ് തിരിയില്‍ നിലവിളക്ക് കത്തിക്കാം
∙ മനസിന്റെ ദു:ഖം മാറാൻ മഞ്ഞ തിരിയില്‍ നിലവിളക്ക് കത്തിക്കാം.
∙ ഒറ്റതിരിയിട്ട ദീപം മഹാവ്യാധിയെ സൂചിപ്പിക്കുന്നു. (രണ്ട് തിരികൾ കൂപ്പുകൈയുടെ രീതിയിലാക്കി വേണം തിരിതെളിയ്ക്കാൻ
∙ രണ്ടു തിരിയിട്ട ദീപം ധനലാഭം സൂചിപ്പിക്കുന്നു
∙ മൂന്നു തിരിയിട്ട ദീപംവും നാല്തിരിയിട്ട ദീപവും തെളിക്കരുത്. അജ്ഞതയും ദാരിദ്രത്തെയുമാണ് ഇവ സൂചിപ്പിക്കുന്നത്.
∙ അഞ്ച് തിരിയിട്ട ദീപം ദുരിതങ്ങളൊഴിഞ്ഞ് ഐശ്വര്യത്തെ സൂചിപ്പിക്കുന്നു.
ശുഭകർമ്മങ്ങൾക്ക് വിളക്ക് തെളിച്ച് ആരംഭം കുറിക്കുന്ന പതിവുണ്ട്. എന്താണ് വിളക്കിന്റെ മഹത്വം? വിളക്ക് എങ്ങനെയാണ് ഗൃഹക്ഷേത്രാദികളിൽ സ്ഥാനം പിടിച്ചത്?. ജ്യോതിഷത്തിൽ വിളക്കിന്റെ പ്രാധാന്യം എന്താണ്? എന്നതിനെപ്പറ്റി ഒരു അന്വേഷണം നടത്തി നോക്കാം. അവസാനം പറഞ്ഞ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തിയാൽ തന്നെ മറ്റു ചോദ്യങ്ങൾക്കുളള ഉത്തരമുണ്ടാകും. 
‘സർവ്വ പ്രശ്നേഷു സർവ്വേഷ്ഠ കർമ്മസ്വപിവിശേഷതഃ
പ്രാസാദേനൈവ ദീപസ്യ ഭവിഷ്യച്ശുഭമാദിശേൽ’’
എല്ലാ പ്രശ്നങ്ങളിലും എല്ലാത്തരം കർമ്മങ്ങളിലും പ്രത്യേകമായി വിളക്കിന്റെ തെളിച്ചം കൊണ്ട് ഭാവികാലം ശുഭം പറയണം. വിളക്കിന്റെ ഇടതു വശം ജ്വാലയുണ്ടായാലും തെളിയാത്ത ജ്വാലയായാലും തീപ്പൊരിയോടു കൂടി നേരിയ ജ്വാലയായാലും ശുദ്ധമായ എണ്ണയും തിരിയും ഉണ്ടെങ്കിൽ പോലും വേഗം അണഞ്ഞു പോവുകയും ജ്വാലയ്ക്ക് ശബ്ദമുണ്ടാവുകയും, വിറയാർന്നതും, തെളിഞ്ഞ് പിളർന്ന ജ്വാലയായും ഉളള ദീപം അശുഭ ഫലം തരുന്നു. കത്തിച്ചാൽ വീണ്ടും വീണ്ടും കെട്ടു പോകുന്ന ദീപം അശുഭമാണ്.
തടിച്ച് ഉറപ്പുളളതും, നീളമേറിയതും, വിറയില്ലാത്തതും, പ്രകാശിക്കുന്നതും, ശബ്ദമില്ലാത്തതും, ഭംഗിയുളളതും, വലതു വശം ചുറ്റുന്നതും, വൈഢൂര്യനിറമോ സ്വർണ്ണനിറമോ ഉളളതുമായ ജ്വാലയാർന്ന ദീപവും, ഉയർന്ന ജ്വാലയായി കാണ പ്പെടുന്ന ദീപവും ശോഭനവും സന്തുഷ്ടവുമായ ഐശ്വര്യത്തെ തരുന്നു. വിളക്കിലെ എണ്ണ പ്രഷ്ടാവിന്റെ ദേഹമായും അതിനുളളിൽ കിടക്കുന്ന തിരി ആത്മാവായും ജ്വാല ആയുസ്സായും, അതിന്റെ നൈർമല്യം, മാലിന്യം എന്നിവ സുഖവും ദുഃഖവുമായും വിളക്ക് ഗൃഹമായും ; മൃദു ഗുണവും പാരുഷ്യവും ഉളള കാറ്റ് ബന്ധുരൂപവും ശത്രു രൂപവും ആയിത്തീരുന്നു. മഹാ ദേവാത്മാവായ ആ ദീപം പ്രഷ്ടാവിന്റെ സ്ഥിതി ഗതികൾ അങ്ങേയറ്റം സൂചിപ്പിക്കുന്നു. 
മഹാദേവാതാത്മ എന്നതിന് ദേവസ്വരൂപമെന്നോ ശിവസ്വരൂപമെന്നോ പറയാം. വിളക്കു കൊണ്ട് പൃച്ഛകന്റെ സകല ഗുണദോഷങ്ങളും ചിന്തിക്കാം. വിളക്കിലെ എണ്ണയുടെ അളവു കൊണ്ട് ദേഹപുഷ്ഠി ചിന്തിക്കാം. എണ്ണയുടെ ചൂട് ദേഹാസ്വാസ്ഥ്യം കാണിക്കുന്നു. മാലിന്യം രോഗാദ്യാനുഭവമാണ്. നൈർമല്യം ശരീര പ്രാകാശത്തെ കാണിക്കുന്നു. എണ്ണയുടെ അളവു കൊണ്ട് പുണ്യപാപങ്ങൾ നിർണ്ണയിക്കാം.
സുകൃത ദുഷ്കൃതങ്ങളുടെ ഏറ്റകുറച്ചിലുകളാണല്ലോ ജീവിതം. ആത്മാവായ തിരി ശുദ്ധമായിരുന്നാൽ ബുദ്ധി പ്രകാശം, ആത്മസുഖം മുതലായവ കാണിക്കുന്നു. തിരിയുടെ മലിനത്വം, ദുഃഖാധിക്യം സന്തോഷക്കുറവ് എന്നിവയാണ് തിരി ഒന്നിനു മുകളിൽ ഒന്നായി പിരിഞ്ഞു കിടന്നാൽ വായുവിന് ആവരണം സംഭവിച്ചിട്ടുണ്ടെന്ന് പറയാം. ഉപയോഗിക്കാതെ കിടക്കുന്ന തിരികൾ സന്താനങ്ങളുടെ സുഖദുഃഖങ്ങളെ കാണിക്കുന്നു. തിരി അധികമായാൽ മന:ക്ലേശം ഫലമാകുന്നു ജ്വാലയുടെ ആകൃതി അനുസരിച്ച് ആയുസ്സിന്റെ സ്ഥിതി പറയാം. തടിച്ച് ഉരുണ്ട ജ്വാലയായാൽ ആയു: പുഷ്ടി, ജ്വാല ഇളക്കമുളളതെങ്കിൽ ആയുസിന്റെ സന്നിഗ്ധത, തെളിഞ്ഞ ജ്വാലയായാൽ സൗഖ്യം, മങ്ങിയ ജ്വാല ദുഃഖം. 
വിളക്കിന്റെ വലിപ്പമനുസരിച്ച് ഗൃഹത്തിന്റെ സ്ഥിതികൾ പറയണം. വിളക്കിന്റെ വലിപ്പം വീടിന്റെ ഭംഗി ഉറപ്പ് എന്നിവ കാണിക്കുന്നു. വിളക്കിന് കേടു ണ്ടെങ്കിൽ ഗൃഹദോഷം പറയണം. ശുദ്ധമായ വിളക്ക് വീടിന്റെ പരിശുദ്ധിയെ കാണിക്കുന്നു. മഷി അധികമുണ്ടെങ്കിൽ അഗ്നി ഭയം ഫലം. വിളക്കു മാറ്റി വച്ചാൽ വീടുമാറ്റം പറയണം. 
ദീപത്തിന്റെ ജ്വാല കിഴക്കു ദിശയിലേക്കായാൽ അഭീഷ്ട സിദ്ധിയും, അഗ്നികോണിലായാൽ അഗ്നിഭയവും തെക്കു ദിക്കിലായാൽ മരണഭയവും നിര്യതി കോണിലായാൽ ഓർമ്മകുറവും ഉണ്ടാകുന്നു. വരുണ ദിക്കിലെ ജ്വാല ശാന്തി നൽകുന്നു. വായു കോണിലായാൽ ഐശ്വര്യഹാനിയും, വടക്കു ദിക്കിലായാൽ രോഗശാന്തിയും ഉണ്ടാകും, ഈശാനകോണിലുളള ജ്വാല സുഖം നൽകുന്നു. അഗ്നിയുടെ മേലോട്ടുയരുന്ന ജ്വാല സർവ്വാഭീഷ്ട വസ്തുക്കൾ ഉടനടി പ്രദാനം ചെയ്യുന്നു.
വിശേഷാൽ, ഒറ്റത്തിരി രോഗലക്ഷണവും, രണ്ടു തിരിയായാൽ ഉത്തമവും, മൂന്നു തിരി ആലസ്യ ലക്ഷണവും നാലു തിരി ദാരിദ്ര്യവും അഞ്ചു തിരിയായാൽ ശോഭന ഫലവുമാകുന്നു.
വൈകിട്ട് നിലവിളക്കു കൊളുത്തിയാൽ എത്രസമയം വയ്ക്കണം. ഞാൻ മണിക്കൂറോളം കത്തിച്ചുവയ്ക്കുമായിരുന്നു. ചില ആളുകൾ പറയുന്നു. മരണവീട്ടിലാണു ദീർഘനേരം നിലവിളക്കു കൊളുത്തിവയ്ക്കുന്നതെന്ന്. നിലവിളക്കു കൊളുത്തി എത്രസമയം വയ്ക്കണം? കൂടുതൽ സമയം വയ്ക്കുന്നതുകൊണ്ടു ദോഷമുണ്ടോ?
രാവിലെയും വൈകിട്ടുമാണു വീടുകളിൽ സാധാരണ നിലവിളക്കു തെളിക്കുന്നത്. സൂര്യഭഗവാനെ ആദരിക്കാനാണിത്. ഉദയത്തിനും അസ്തമയത്തിനും അഞ്ചു മിനിറ്റ് മുൻപാണു വിളക്കു തെളിക്കേണ്ടത്. രാവിലെ കിഴക്കോട്ടും വൈകിട്ട് പടിഞ്ഞാറോട്ടുമായിരിക്കണം തിരിനാളം. വിളക്കിലെ എണ്ണ വറ്റുംവരെ കത്തിച്ചുവയ്ക്കാമെന്നാണു കണക്ക്. മരണവീടുകളിൽ വിളക്കിലെ എണ്ണ തീരുന്നതനുസരിച്ചു വീണ്ടും വീണ്ടും ഒഴിച്ചുകൊടുത്ത് ചടങ്ങു തീരുംവരെയാണു വിളക്കു കത്തിക്കുന്നത്.⁠⁠⁠⁠

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

അർജുനന്റെ അമ്പ് എൽക്കുന്ന ശക്തിയിൽ കർണ്ണന്റെ രഥം ഏറെ ദൂരെ പിറകിലേക്ക് പോയി കൊണ്ടിരിക്കുന്നു,
തിരിച്ച് കർണ്ണൻ അമ്പ് എയ്യുമ്പോൾ അതേറ്റ് അർജുനന്റെ രഥം ഏഴു അടി മാത്രം പിറകിലേക്ക് പോകുന്നു ..
പക്ഷെ ഓരോ തവണയും രഥം ഏഴു അടി പിറകിലേക്ക് പോകുമ്പോൾ ശ്രീ കൃഷ്ണൻ പറയും "എത്ര വീരനാണ് കർണ്ണൻ "

അർജുനന്റെ ബാണം കൊണ്ട് കർണ്ണ രഥം ഒരുപാട് ദൂരം പിറകിലേക്ക് പോകുമ്പോൾ ശ്രീകൃഷ്ണൻ മിണ്ടാതെ ഇരിക്കും ..ഒരുപാട് തവണ ഇതു തന്നെ ആവർത്തിച്ചപ്പോൾ അർജുനൻ അസ്വസ്ഥൻ ആയി ശ്രീകൃഷ്ണനോട് ചോദിച്ചു,
''ഹേ വാസുദേവാ അങ്ങ് എന്ത് പക്ഷഭേദം ആണ് കാണിക്കുന്നത് നമ്മുടെ രഥം ഏഴടി മാത്രമേ പിറകിലേക്ക് പോകുന്നുള്ളൂ. പക്ഷേ എന്റെ ബാണം കൊണ്ട് കർണ്ണ രഥം ഒരുപാട് പിറകിലേക്ക് പോകുന്നു. അത് അങ്ങ് കാണാതെ കർണ്ണനെ മഹാവീർ കർണ്ണൻ എന്ന് പുകഴ്ത്തുന്നത് എന്തിന് ?"

മന്ദഹസ്സിച്ചുകൊണ്ട് ശ്രീകൃഷ്ണൻ അർജുനനോട് പറഞ്ഞു, "ഹേ പാർഥൻ ..ഞാൻ പറഞ്ഞത് ശരിയാണ്, കർണ്ണൻ വീരനാണ് ..നീ മുകളിലേക്ക് നോക്കുക നിന്ടെ രഥ ത്തിന്റെ കൊടിക്കൂറയിൽ ലോകത്തിലെ ഏറ്റവും ശക്തനായ വീർ ഹനുമാനും മുന്നിൽ സാരഥിയായി ഞാൻ വാസുദേവ കൃഷ്ണനും ഉണ്ടായിട്ടും കർണ്ണന്റെ ബാണം ഏറ്റു രഥം ഏഴു അടി പിറകിലേക്ക് പോകുന്നു ..അപ്പോൾ ഞങ്ങൾ രണ്ടും ഇല്ലായിരുന്നെങ്കിൽ നിൻറെ രഥത്തിന്റെ അസ്ഥിത്വം തന്നെ ഇല്ലാതെ ആകുമായിരുന്നു.

സത്യം തിരിച്ചറിഞ്ഞപ്പോൾ അർജുനനൻ ഇളഭ്യനായി. പക്ഷെ എങ്കിലും സ്വന്തം കഴിവിൽ ഒരുപാട് വിശ്വസിച്ചിരുന്ന അർജുനനൻ യുദ്ധത്തിന്റെ അവസാന ദിനമായിരുന്നുന്നു ആ സത്യം ശരിക്കും ബോധ്യപെട്ടത്.

സാധാരണ എല്ലാ ദിവസ്സവും യുദ്ധം കഴിഞ്ഞു രഥത്തിൽ നിന്ന് സാരഥി ആയ കൃഷ്ണൻ ആദ്യം ഇറങ്ങും പിന്നെ അർജുനനു വേണ്ടി വാതിൽ തുറന്ന് കൊടുക്കും. എന്നാൽ അവസാന ദിനം ശ്രീ കൃഷ്ണൻ രഥത്തിൽ തന്നെ ഇരുന്നിട്ട് അർജുനനോട് ഇറങ്ങി ഏറെ ദൂരം നടക്കാൻ പറഞ്ഞു ..അർജുനൻ അത് അനുസരിച്ചു.

അർജുനനൻ ഇറങ്ങി കുറെ ദൂരം എത്തിയപ്പോൾ ശ്രീ കൃഷ്ണനും തേരിൽ നിന്ന് ഇറങ്ങി.ഭഗവാൻ ഇറങ്ങിയതും രഥം കത്തി ഭസ്മം ആയി. ഇതുകണ്ട അർജുനൻ ആച്ചര്യത്തോടെ ഭഗവാനെ നോക്കി ..ഭഗവാൻ പറഞ്ഞു,
"അർജുനാ നിന്ടെ രഥം ഭീഷ്മർ ,കൃപാചാര്യർ ,ദ്രോണർ ,കർണ്ണൻ എന്നിവരുടെ ദിവ്യാസ്ത്രങ്ങൾ ഏറ്റു ഏറെ മുന്നേ തന്നെ ഭസ്മംആയി പോയിരുന്നു. പക്ഷെ ഞാൻ എൻറെ യോഗമായ ശക്തിയിൽ ഒരു സങ്കൽപ്പ രഥം ആയിരുന്നു പകരം സൃഷ്ടിച്ചത് ".

അർജുനൻ ഒരു നിമിഷം ഭൂമി പിളർന്നു താഴേക്ക് പോകുന്ന പോലെ തോന്നി.
 'ഞാൻ' എന്ന അഹം ബോധത്തിൽ നമ്മളും പലപ്പോഴും അർജുനനനെപ്പോലെ ചിന്തിക്കാറുണ്ട്. ഈ ലോകത്തിലെ എല്ലാം നമ്മളുടെ വരുതിയിൽ ആണെന്ന തികഞ്ഞ അഹം ബോധം ...

ഇവിടെ രഥം നമ്മുടെ ശരീരവും യുദ്ധം മാനസിക സങ്കർഷങ്ങളും ആകുന്നു. ഒരിക്കൽ ജീവിത യുദ്ധം കഴിഞ്ഞ് ജീവാത്മാവു ആകുന്ന അർജുനൻ ശരീരമാകുന്ന രഥത്തിൽ നിന്ന് ഇറങ്ങുന്നു, പിന്നാലെ പരമാത്മാവും .അതോടെ അത് നശിക്കുന്നു ..

Tuesday, December 13, 2016

ഗൃഹപ്രവേശം / പാല് കാച്ചുന്ന ചടങ്ങ് എങ്ങനെ?

ഗൃഹപ്രവേശം 
ഗൃഹനാഥ ഇടതുകാലും ഗൃഹനാഥന്‍ വലതുകാലും വെച്ചുവേണം പുതുഗൃഹത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍. പാല്‍പ്പാത്രവും കൊളുത്തിയ നിലവിളക്കുമേന്തി വീടിന് ഒരു പ്രദിക്ഷണം വെച്ച് വേണം ഇവര്‍ അകത്തേയ്ക്ക് കടക്കാന്‍.
പാല് കാച്ചുന്ന ചടങ്ങ് എങ്ങനെ?
യാതൊരു വസ്തുക്കളെയും, പ്രത്യേകിച്ച് ഭക്ഷണസാധനങ്ങളെ അനാവശ്യമായി കളഞ്ഞുകൂടാ എന്നത് പൊതുനിയമമാണ്. 
എന്നാല്‍, ഇങ്ങനെ കളയുന്നത് ഒരു നല്ല ദിവസമാണെങ്കിലോ? അത് ഏറെ മോശമായിരിക്കും.
ഗൃഹപ്രവേശത്തിന്റെ നാള്‍ പാല്‍ അടുപ്പില്‍വെച്ച് തിളപ്പുച്ചു തൂവികളയുന്ന രീതി ഒട്ടുംതന്നെ ശരിയല്ല. 
പാല്‍ കാച്ചിയശേഷം ഈശ്വരനെ പ്രാര്‍ത്ഥിച്ചുകൊണ്ട്‌ അത് താഴെയിറക്കിവയ്ക്കുക. അതിനുശേഷം മൂന്നു ചെറിയസ്പൂണ്‍ പാല്‍ മൂന്നുതവണയായി അടുപ്പിലോഴിച്ച് അഗ്നിദേവന് സമര്‍പ്പിക്കുക. ഇത്രയേ വേണ്ടു.
തികഞ്ഞ പ്രാത്ഥനയോടുകൂടി സ്ത്രീയും പുരുഷനും ചേര്‍ന്നുവേണം പാല്‍പ്പാത്രം അടുപ്പില്‍ വെയ്ക്കാനും പിന്നീട് ഇറക്കിവെയ്ക്കാനും
നിറംകൊണ്ട് പാല്‍ സത്വഗുണ രൂപിയാണ്. പാലില്‍ നെയ്യടങ്ങിയിരിക്കുന്നത് അദൃശ്യവുമാണല്ലോ. ഇതുപോലെ നമ്മളില്‍ അദൃശ്യമായി ലയിച്ചുകിടക്കുന്ന ഈശ്വരനെ കണ്ടെത്താനുള്ള സന്ദേശമാണ് ഗൃഹപ്രവേശത്തിലെ ആദ്യ ചടങ്ങായ പാലുകാച്ചലിലൂടെ നിര്‍വഹിക്കുന്നത്. 
അടുത്തത്‌ വാസ്തുബലി എന്ന പൂജയാണ്. ക്ഷേത്രം ദേവന്റെ ശരീരം എന്നപോലെ ഗൃഹം വാസ്തുപുരുഷന്റെ ദേഹമാണ്. ഈ പുരുഷനെ തൃപ്തിപ്പെടുത്താന്‍ ദേവപൂജ ആവശ്യമാണ്‌. ഇത്തരത്തിലുള്ള പൂജയിലൂടെയാണ് ഹൈന്ദവ തത്ത്വത്തിന്റെ പൂര്‍ണ്ണത.
ഗൃഹപ്രവേശ മുഹൂര്‍ത്തം
ഗൃഹപ്രവേശത്തിന്‌ കര്‍ക്കിടകം, കന്നി, കുംഭം രാശികളില്‍ ആദിത്യന്‍ നില്‍ക്കുന്ന സമയം ആശുഭമാണ്. അതായത് കര്‍ക്കിടകം, കന്നി, കുംഭം മാസങ്ങള്‍ ഒഴിവാക്കണം. ശിഷ്ടം ഒമ്പത് മാസങ്ങളും ഉത്തമങ്ങളാണ്. മറ്റെല്ലാനിയമങ്ങളും ഗൃഹാരംഭവിധിപോലെ തന്നെ.
പുതിയതായി പണികഴിപ്പിച്ച വീട്ടില്‍ സൂര്യന്‍ ഉത്തരായനത്തിലായിരിക്കുന്ന ശുഭ മൂഹൂര്‍ത്തത്തിലായിരിക്കും ഗൃഹപ്രവേശം . 
അതേ സമയം പഴയതും പരിഷ്‌കരിച്ചതുമായ വീടുകളിലെ ഗൃഹപ്രവേശത്തിന്‌ വ്യാഴന്റെയും ശുക്രന്റെയും സ്ഥാനം നോക്കിയായിരിക്കും മുഹൂര്‍ത്തം തീരുമാനിക്കുക. 
ഇതിന്‌ നക്ഷത്രം പരിഗണിക്കാറില്ല. ചന്ദ്ര വര്‍ഷ കലണ്ടര്‍ അടിസ്ഥാനമാക്കിയായിരിക്കും ഗൃഹപ്രവേശത്തിന്‌ അനുയോജ്യമായ മാസം കണ്ടെത്തുക.
പുതിയ വീട്ടില്‍ താമസം തുടങ്ങുന്നതിനായി ആദ്യപ്രവേശിക്കുന്ന സമയത്ത്‌ നടത്തുന്ന ചടങ്ങാണ്‌ ഗൃഹപ്രവേശം. 
വീട്‌ തയ്യാറായികഴിഞ്ഞാല്‍ ജ്യോതിഷ പ്രകാരം കണ്ടെത്തുന്ന ഒരു നല്ല ദിവസം കുടുംബാംഗങ്ങള്‍ താമസം മാറും. ഗൃഹപ്രവേശനത്തിന്‌ പഞ്ചാംഗം നോക്കി ശുഭമുഹൂര്‍ത്തം തിരഞ്ഞെടുക്കാറുണ്ട്‌. നമ്മുടെ പുരാണ ലിഖിതങ്ങളില്‍ മൂന്ന്  തരം ഗൃഹപ്രവേശങ്ങളെ കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്‌. 
അപൂര്‍വ 
പുതിയ സ്ഥലത്ത്‌ പുതിയതായി നിര്‍മ്മിച്ച ഗൃഹത്തിലേക്കുള്ള ആദ്യ പ്രവേശനം അപൂര്‍വ(പുതു) ഗൃഹപ്രവശം എന്നറിയപ്പെടുന്നു
സപൂര്‍വ 
വിദേശത്തോ മറ്റെവിടെയെങ്കിലും ആയിരുന്നവര്‍ തിരിച്ചു വന്ന്‌ നേരത്തെ ഉണ്ടായിരുന്ന ഗൃഹത്തിലേക്ക്‌ പ്രവേശിക്കുന്നത്‌ സപൂര്‍വ എന്നാണ്‌ അറിയപ്പെടുന്നത്‌.
ദ്വന്ദ്വ 
തീപിടുത്തം, വെള്ളപ്പൊക്കം, ഭൂമികുലുക്കം തുടങ്ങി പലകാരണങ്ങളാല്‍ നാശം സംഭവിച്ച വീട്‌ വീണ്ടും പുതുക്കി പണിതതിന്‌ ശേഷം ഉള്ള ഗൃഹപ്രവേശം ആണ്‌ ദ്വന്ദ്വ ( പഴയ) ഗൃഹപ്രവേശം
അപൂര്‍വ ഗൃഹ പ്രവേശം കൃത്യമായ ശുഭമുഹൂര്‍ത്തവും നാളും കണ്ടെത്തി വേണം നടത്താന്‍. എന്നാല്‍ മറ്റ്‌ രണ്ട്‌ ഗൃഹ പ്രവേശത്തിനും പഞ്ചാംഗം നോക്കി നല്ല സമയം തിരഞ്ഞെടുത്താല്‍ മതിയാകും.
വാസ്‌തു പൂജ
ഗൃഹത്തിലേക്ക്‌ ആദ്യമായി പ്രവേശിക്കുന്നതിന്‌ മുമ്പ്‌ വീടിന്‌ പുറത്ത്‌ വാസ്‌തു ദേവതയെ പൂജിക്കുന്നതാണ്‌ വാസ്‌തു പൂജ. 
ചെമ്പ്‌ കുടത്തില്‍ വെള്ളം നിറച്ച്‌ അതില്‍ നവധാന്യങ്ങള്‍ , ഒരു രൂപ നാണയം എന്നിവ ഇടും. കുടത്തിന്‌ മുകളില്‍ ഒരു തേങ്ങ വയ്‌ച്ച്‌ ചുവന്ന തുണികൊണ്ട്‌ മൂടി ചുവന്ന നാട കൊണ്ട്‌ കെട്ടും. 
അതിന്‌ ശേഷം ഇതിനെ പൂജ ചെയ്യും. പിന്നീട്‌ ഭാര്യാഭര്‍ത്താക്കന്‍മാര്‍ ചേര്‍ന്ന്‌ ഈ ചെമ്പ്‌ കുടം വീടിന്‌ അകത്തേയ്‌ക്ക്‌ എടുത്ത്‌ ഹോമകുണ്ഡത്തിന്‌ അടുത്ത്‌ വയ്‌ക്കും.
വാസ്‌തു ശാന്തി 
ഹോമം ഉള്‍പ്പെടുന്ന പൂജയാണ്‌ വാസ്‌തു ശാന്തി അഥവ ഗൃഹ ശാന്തി . 
ഗ്രഹങ്ങളുടെ ദോഷകരമായ സ്വാധീനം തടയാനും പ്രതികൂല ഘടകങ്ങള്‍ നീക്കം ചെയ്‌ത്‌ സമാധാനമാരമായ അന്തരീക്ഷം സൃഷിക്കാനും വേണ്ടിയുള്ളതാണിത്‌. 
എല്ലാ പൂജകളും കഴിഞ്ഞാല്‍ പൂരോഹിതന്‌ ഭോജനം നല്‍കും. അദ്ദേഹത്തിന്റെ അനുഗ്രഹത്തിനും പ്രാര്‍ത്ഥനയ്‌ക്കുമായി ദക്ഷിണ നല്‌കുകയും ചെയ്യും. 
ഈ രണ്ട്‌ പൂജകളും വളരെ പ്രധാനമാണ്‌. ഗണപതി പൂജ, സത്യനാരായണ പൂജ, ലക്ഷ്‌മി പൂജ എന്നിവ പുരോഹിതന്റെ നിര്‍ദ്ദേശത്തിന്‌ അനുസരിച്ച്‌ ചെയ്യാവുന്നതാണ്‌.
ഗൃഹപ്രവേശത്തില്‍ ചെയ്യാവുന്നതും ചെയ്യരുതാത്തതും 
താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്‌തില്ലെങ്കില്‍ ഗൃഹപ്രവേശം പൂര്‍ണ്ണമാകില്ല വീടിന്റെ വാതിലുകള്‍ക്ക്‌ കതക്‌ വച്ചില്ലെങ്കില്‍ വീടിന്റെ മേല്‍ക്കൂര മൂടിയെല്ലെങ്കില്‍ വാസ്‌തു ദേവതയെ പൂജിച്ചില്ലെങ്കില്‍ പുരോഹിതന്‌ ദക്ഷിണയും ഭോജനവും നല്‍കിയില്ലെങ്കില്‍ ഗൃഹ നാഥ ഗര്‍ഭിണി ആണെങ്കില്‍ ഗൃഹപ്രവേശ ചടങ്ങ നടത്തരുത്‌.
*ഗൃഹപ്രവേശം നടത്തുമ്പോള്‍.
പുതിയ വീട്ടിലേക്ക്‌ താമസം മാറുമ്പോള്‍ ഇവ ഒന്നും ചെയ്‌തില്ലെങ്കില്‍ ഗൃഹ വാസികള്‍ക്ക്‌ പ്രശ്‌നങ്ങളും അസ്വസ്ഥതകളും അനുഭവപ്പെട്ടെന്ന്‌ വരാം*. 
അതിനാല്‍ എല്ലാ ചടങ്ങുകളും ചിട്ടപ്രകാരം നടത്തിയതിന്‌ ശേഷം പുതിയ വീട്ടിലേക്ക്‌ താമസം മാറുക. 
ഗൃഹപ്രവേശ ചടങ്ങുകള്‍ പൂര്‍ത്തിയായാല്‍ കുടുംബാംഗങ്ങള്‍ക്ക്‌ പുതിയ വീട്ടിലേക്ക്‌ താമസം മാറാം. 
പുതിയ വീട്‌ കുറച്ച്‌ ദിവസത്തേയ്‌ക്ക്‌ പൂട്ടരുതെന്ന്‌ പറയും അശുഭമായിട്ടാണ്‌ അത്‌ കണക്കാക്കുക. 

ശിവസ്വരൂപമായ തിരുവണ്ണാമല അറിയേണ്ടത്

വര്‍ഷത്തില്‍ ഒരിക്കല്‍ കാര്‍ത്തിക ദീപം ദര്‍ശിക്കാന്‍ പത്ത് മുതല്‍ പതിനഞ്ച് വരെ ലക്ഷം പേര്‍  തിരുവണ്ണാമല ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു.


മലയുടെ മുകളില്‍ മുഴുവന്‍ കറുത്തിരുന്നു. വര്‍ഷത്തിലെ കാര്‍ത്തിക ഉത്സവത്തില്‍ കര്‍പ്പൂരം ഇട്ടു കത്തിക്കുന്നതിനാലായിരിക്കണം ഇത്ര കറുത്ത് ഇരുണ്ടിരിക്കുന്നത്. മല മുകളില്‍ കത്തിക്കുന്ന ഈ ദീപത്തിനു പിന്നിലും ഒരു ഐതിഹ്യമുണ്ട്.
ഒരിക്കല്‍ ശ്രീ പാര്‍വതി ഭഗവാന്‍ പരമേശ്വരന്റെ കണ്ണ് മൂടുകയും തുടര്‍ന്ന് സര്‍വ ലോകവും ഇരുട്ടിലാകപ്പെടുകയും ചെയ്തുവത്രേ. ഇതില്‍ പ്രായശ്ചിത്തം ചെയ്യാന്‍ ശ്രീ പാര്‍വതി കാഞ്ചീപുരത്ത് മണ്ണ് കൊണ്ട് ശിവലിംഗം ഉണ്ടാക്കി പൂജിച്ചു. തുടര്‍ന്ന് ശ്രീ പരമേശ്വരന്‍ പാര്‍വതിയോട് തിരുവണ്ണാമലൈയില്‍ വ്രതമനുഷ്ടിക്കാന്‍ നിര്‍ദേശിച്ചു. ഗൌതമ മുനിയുടെ സാന്നിദ്ധ്യത്തില്‍ ശ്രീ പാര്‍വതി വ്രതമനുഷ്ടിക്കുകയും കാര്‍ത്തിക മാസത്തിലെ പ്രദോഷ ദിവസം പരമേശ്വരന്റെ അര്‍ദ്ധ ഭാഗമായ് കൂടിച്ചേരുകയും അര്‍ദ്ധനാരീശ്വര രൂപത്തില്‍ നിലകൊള്ളുകയും ചെയ്തു. ഈ സ്വരൂപമാണ് ഒരു ദീപമായി തിരുവണ്ണാമലൈയില്‍ കാര്‍ത്തിക ദീപ ഉത്സവമായി ആഘോഷിക്കുന്നത്

ഹിന്ദുക്കളുടെ പ്രധാനപ്പെട്ട അഘോഷങ്ങളിലൊന്നായ മഹാശിവരാത്രിയുടെ ഉത്ഭവം തന്നെ ഇവിടെ നിന്നാ‍ണ്.
അരുണാചലേശ്വര പര്‍വതത്തിന് മുകളിലാണ് പ്രസിദ്ധമായ തിരുവണ്ണാമല ക്ഷേത്രം. ഈ സ്ഥലത്തെ കുറിച്ച് ചിന്തിച്ചാല്‍ തന്നെ മുക്തി ലഭിക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്.
ശിവഭഗവാന്‍റെ പഞ്ച ഭൂത ക്ഷേത്രങ്ങളിലൊന്നായാണ് ശ്രീ അരുണാചലേശ്വരന്‍ അറിയപ്പെടുന്നത്. പഞ്ചഭൂതങ്ങളിലെ അഗ്നി ക്ഷേത്രമാണിത്. വി
ഷ്ണുവിനും ബ്രഹ്മാവിനും മുന്നില്‍ സ്വന്തം ചൈതന്യത്തെ പ്രകടമാക്കാനായി ശിവന്‍ വന്‍ തീ ജ്വാലയായി മാറിയ ദിവസമാണ് ശിവരാത്രിയെന്ന് ശിവപുരാണത്തില്‍ പറയുന്നു

ആകഥ ഇങ്ങനെ: ഒരിക്കല്‍ ബ്രഹ്മാവും വിഷ്ണുവും തമ്മില്‍ തര്‍ക്കമായി. ആര്‍ക്കാണ് ശക്തി കൂടൂതല്‍ എന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. അവസാനം തര്‍ക്ക പരിഹാരത്തിനായി ശിവനെ കാണുവാന്‍ ഇരുവരും തീരുമാനിച്ചു.

ആരാണ് തന്‍റെ ശിരസ്സോ പാദമോ ഏതെങ്കിലുമൊന്നു ആര്‍ക്ക് കാണാന്‍ കഴിയുമോ ആ ആളായിരിക്കും കേമന്‍ ,ശക്തിമാന്‍ എന്ന ഉപാധി ശിവന്‍ മുന്നോട്ട് വച്ചു.

ഇതു പറഞ്ഞ് ശിവന്‍ ഭൂമിയില്‍ നിന്ന് ആകാശത്തേക്ക് തീനാളമായി ഉയര്‍ന്നു. ശിവന്റെ പാദം കണ്ടു പിടിക്കാനായി വിഷ്ണു വരാഹ രൂപം ധരിച്ച് ഭൂമിക്കടിയിലേക്കും, ശിവന്റെ ശിരസ് കാണാനായി ബ്രഹ്മാവ് ഹംസമായി ആകാശത്തേക്കും പറന്നുയര്‍ന്നു. പക്ഷേ ഇരുവര്‍ക്കും ലക്ഷ്യം നിറവേറ്റാനായില്ല

വ്വിഷ്ണു തോല്‍‌വി സമ്മതിച്ച് തിരിച്ചു പോന്നു. കുറെ കഴിഞ്ഞപ്പോള്‍ ബ്രഹ്മാവും വളരെ വളരെ ക്ഷീണിച്ചു .അപ്പോള്‍ ആകാശത്ത് നിന്ന് ഒരു താഴമ്പൂവ് വീഴുന്നത് കണ്ട് എവിടെ നിന്നുമാണ് അത് വരുന്നതെന്ന് ബ്രഹ്മാവ് അന്വേഷിച്ചു. ശിവന്റെ കേശത്തില്‍ നിന്നാണ് വരുന്നതെന്നും യുഗങ്ങളായി ഭൂമിയിലേക്കുള്ള യാത്ര തുടങ്ങിയിട്ടെന്നും താഴമ്പൂവ് അറിയിച്ചു.
ഇതു കേട്ട ബ്രഹ്മാവിന്‍ ഒരൊ സൂത്രം തോന്നി . താന്‍ ശിവന്റെ ശിരസ്സ് കണ്ടെന്ന് ശിവനോട് പറയാന്‍ പൂവിനോട് അഭ്യര്‍ത്ഥിച്ചു. താഴമ്പൂവ് ശിവനോട് ഈ നുണ പറയുകയും ചെയ്തു. അസത്യം കേട്ട് കോപാകുലനായ ശിവന്‍ ഒരു അഗ്നി ദണ്ഡായ് ഭൂമിയേയും സ്വര്‍ഗ്ഗത്തേയും ബന്ധപ്പെടുത്തി.ശിവന്‍റെ ശാപം മൂലം ഈ പൂവിനെ സാധാരണയായി പൂജയ്‌ക്ക് ഉപയോഗിക്കാറില്ല.

ശക്തമായ ചൂടില്‍ ഭൂമിയും സ്വര്‍ഗവും ഒരു പോലെ വെന്തുരുകി. ശിവന്റെ ശരീരത്തില്‍ നിന്ന് ഇന്ദ്രന്‍, അഗ്നി, യമന്‍, കുബേരന്‍ എന്നീ ദേവന്മാര്‍ ചൂട് സഹിക്കാനാവാതെ വീഴുകയും അവര്‍ ശിവനോട് ശാന്തനാവാന്‍ ‍അപേക്ഷിക്കുകയും ചെയ്യ്തു. അവസാനം കോപമടങ്ങിയ ദേവന്‍ ഒരു തീനാളമായി ചുരുങ്ങി.

ഈ സംഭവമാണ് ശിവരാത്രി ആഘോഷത്തിന് തുടക്കമായത്.
-ലിംഗോത്ഭവം

ഭകതജനങ്ങളുടെ അഭ്യര്‍ത്ഥനയും സൌകര്യവും കണക്കിലെടുത്ത് ഭഗവാന്‍ ലിംഗരൂപത്തില്‍ ദര്‍ശനം നല്‍കാമെന്ന്
സമ്മതിക്കുകയും അങ്ങനെ ലിംഗരൂപത്തില്‍ തിരു അണ്ണാമലൈയര്‍ ക്ഷേത്രത്തില്‍ കുടിയിരിക്കുകയും ചെയ്തു.

രണ്ടാം നൂറ്റാണ്ടിലെ ചോള കാലഘട്ടത്തിലെ ക്ഷേത്രം തിരുവണ്ണാമലൈ നഗരത്തിലുണ്ട്. ആ‍ദി അണ്ണാമലൈയര്‍ എന്ന പേരില്‍ മറ്റൊരു ക്ഷേത്രവും മഹാക്ഷേത്രത്തിന് എതിര്‍വശത്തായി മലമ്പാതയില്‍ ഉണ്ട്.

മലമ്പാതയ്ക്ക് ചുറ്റും എട്ട് ശിവ ലിംഗങ്ങളുടെ ദര്‍ശനം ലഭിക്കും. ഇന്ദ്രന്‍ ദേവന്‍, അഗ്നിദേവന്‍, നിരുതി, വാ‍യു, കുബേരന്‍, ഈശാനന്‍ എന്നീ ദേവതകളാല്‍ ആരാധിക്കപ്പെട്ടതാണ് ഈ ശിവലിംഗങ്ങള്‍.
നഗ്നപാദരായി ഈ ക്ഷേത്രത്തിന് വലം വച്ചാല്‍, എല്ലാ പാപങ്ങളില്‍ നിന്നും മുക്തി ലഭിക്കുമെന്നാണ് വിശ്വാസം.രാജ്യത്തെമ്പാടും നിന്ന് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഉളളവര്‍ മുക്തി തേടി ഇവിടെ എത്തുന്നു.

“ ഈ പുണ്യ സ്ഥലത്തെ കുറിച്ച് സ്മരിച്ചാല്‍ നിങ്ങള്‍ ഇവിടെ എത്തിച്ചേരുമെന്ന് രമണ മഹര്‍ഷിയും ശേഷാദ്രിസ്വാമികളും പറഞ്ഞിട്ടുണ്ട്.

തമിഴ്നാട്ടിലെ ഏറ്റവും ആദരിക്കപെടുന്ന പ്രദേശങ്ങളിലൊന്നാണിത്."അപ്രാപ്യമായ മല" എന്നാണ് അണ്ണാമല എന്ന വാക്കിനർത്ഥം.ജനങ്ങൾ ആദരവോടെ തിരു എന്ന് കൂട്ടിച്ചേർത്തു തിരുവണ്ണാമല എന്ന് ഈ പ്രദേശം അറിയപെട്ടു.അമ്പലനഗരമായ തിരുവണ്ണാമല ഇന്ത്യയിലെ പുരാതനമായ പൈതൃക പ്രദേശങ്ങളിലൊന്നാണ്.ശൈവമതത്തിന്റെ കേന്ദ്രമാണിവിടം.നൂറ്റാണ്ടുകളായി അരുണാചല മലയും അതിന്റെ പരിസര പ്രദേശങ്ങളും തമിഴർ ‌വളെരെ ആദരവോടെയാണ് നോക്കിക്കാണാറുള്ളത്‌.
തിരുവണ്ണാമലൈ ജില്ലയിൽ പ്രസിദ്ധമായ ഒരു ശിവക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട്. തേജോലിംഗരൂപത്തിലുള്ള ഇവിടത്തെ പ്രതിഷ്ഠാ മൂർത്തി അരുണാചലേശ്വരൻ എന്ന പേരിൽ പ്രസിദ്ധമാണ്.

പരമശിവന്റെ വാമഭാഗം അലങ്കരിക്കുന്നതിനുവേണ്ടി ശ്രീ പാർവതി തപസ്സനുഷ്ഠിച്ചത് ഇവിടെയാണെന്നാണ് ഐതിഹ്യം. 'മുലപ്പാൽ തീർഥം' എന്ന പേരിൽ അറിയപ്പെടുന്ന ഒരു കുളം ഈ ക്ഷേത്രത്തിലുണ്ട്.

തിരുവണ്ണാമല ക്ഷേത്രത്തിന്റെ ശില്പഭംഗി അദ്വിതീയമാണ്. ക്ഷേത്രഗോപുരത്തിന് പതിനൊന്ന് നിലകളുണ്ട്. ക്ഷേത്രമതിലകത്തിന്റെ വിസ്തൃതി പത്ത് ഹെക്ടറോളം വരും. രമണമഹർഷിയുടെ ആസ്ഥാനം തിരുവണ്ണാമലയായിരുന്നു
തിരുവണ്ണാമലൈ കൃതയുഗത്തില്‍ അഗ്നിയും,തേത്രായുഗത്തില്‍ മാണിക്യവും ദ്വാപരയുഗത്തില്‍ സ്വര്‍ണവും കലിയുഗത്തില്‍ കല്ലുമാണ് എന്നാണ് ഐതിഹ്യം.


ആളും തിരക്കുമൊന്നുമില്ലാത്ത,പ്രശാന്ത സുന്ദരമായ ഒരു ആശ്രമം. രമണമഹര്‍ഷി തപസ്സു ചെയ്ത സ്ഥലമാണ് സ്കന്ധാശ്രമം.
1912 മുതല്‍ 1922 വരെയുള്ള പത്തു വര്‍ഷങ്ങള്‍ രമണ മഹര്‍ഷി ഇവിടെയിരുന്നു തപസ്സു ചെയ്തുവത്രേ!
രമണ മഹര്‍ഷി തമിഴനാടിലെ മധുരയില്‍ ജനിച്ചു തന്റെ സന്യാസ ജീവിതം തിരുവണ്ണാമലയില്‍ നയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പേരിലുള്ള രമണാശ്രമത്തില്‍ സ്വദേശികളും വിദേശികളുമായ ഒരുപാട് പേര്‍ സന്യാസജീവിതം നയിക്കുന്നു
സ്കന്ധാശ്രമത്തില്‍ നിന്നിറങ്ങി. കുറച്ചു കല്ലുകള്‍ പാകിയ വഴിയിലൂടെ നടന്നാല്‍ വിരുപക്ഷി ഗുഹയിലെത്താം.
ഇവിടെയും രമണ മഹര്‍ഷി തപസ്സിരുന്നതായി കരുതുന്നു.
പൌര്‍ണമി നാളിലുള്ള അരുണാചല പരിക്രമണത്തിന്.ഗിരിവലം എന്നാണ് പേര്. കാല്‍നടയായി 14 കിലോ മീറ്റര്‍ പ്രദക്ഷിണം ചെയ്യണം.പ്രദക്ഷിണ വഴിയില്‍ എട്ടു ദിക്കുകളിലായി എട്ടു ലിംഗങ്ങള്‍ പൂജിക്കപ്പെടുന്നു. അവയാണ് ഇന്ദ്രലിംഗം, അഗ്നിലിംഗം, യമ ലിംഗം, നിരുതി ലിംഗം, വരുണ ലിംഗം, വായു ലിംഗം, കുബേര ലിംഗം, ഈശാന ലിംഗം എന്നിവ,രാത്രിയില്‍ തുടങ്ങുന്ന പ്രദക്ഷിണം പുലര്‍ച്ചയോടെ അവസാനിപ്പിച്ച് അമ്പലത്തില്‍ തൊഴുതു മടങ്ങുക
ശിവസ്വരൂപമായ തിരുവണ്ണാമല  ....ശിവഭഗവാന്‍റെ പ്രതിരൂപമായാണ് അരുണാചലേശ്വരനെ കാണുന്നത്. 2665 അടി ഉയരമുള്ള പര്‍വതത്തെ ആണ് അരുണാചലേശ്വരനായി ജനങ്ങള്‍ കാണുന്നത്.

എല്ലാ പൌര്‍ണ്ണമി ദിവസവും രണ്ട് മുതല്‍ മൂന്ന് ലക്ഷം വരെ തീര്‍ത്ഥാടകര്‍ ഈ പര്‍വതത്തിന് ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു. പതിനാല് കിലോമീറ്റര്‍ ചുറ്റളവില്‍ നഗ്നപാദരായാണ് ഭക്തലക്ഷങ്ങള്‍ അരുണാചലേശ്വരനെ വലം വയ്ക്കുന്നത്. ഗിരിപ്രദക്ഷിണം എന്ന് ഇതറിയപ്പെടുന്നു.

ഓം നമ:ശിവായ

ശംഖ് ചില അറിവുകൾ

1.ശംഖിൽ നിന്ന് പുറപ്പെടുന്ന ധ്വനി ഏത്?
ഓംകാരം
2. ശംഖ് ഏതെല്ലാം സന്ദർഭങ്ങളിലാണ് നാദസ്വരൂപമായി ഉപയോഗിക്കുന്നത്?
ക്ഷേത്രാചാരങ്ങൾ, സംഗീത സദസ്സ് , യുദ്ധരംഗം 
3. രണ്ടായി തരം തിരിച്ചിരിക്കുന്ന ശംഖിന്റെ പേരുകൾ ഏതെല്ലാം?
വലം പിരി ശംഖ്, ഇടം പിരി ശംഖ്
4.വലംപിരി ശംഖിന്റെ സ്വരൂപം ഏത്?
വിഷ്ണു സ്വരൂപം 
5. ഇടംപിരി ശംഖിന്റെ സ്വരൂപം ഏത്?
ദേവി സ്വരൂപം 
6. ഏത് ദേവിയുടെ കയ്യിലാണ് ശംഖ് ആയുധമായി മാറുന്നത്?
ദുർഗ്ഗാദേവിയുടെ
7. ഉടഞ്ഞുപോയ ശംഖ് എന്ത് ചെയ്യണം?
ജലത്തിലൊഴുക്കണം 
8.ശംഖ് നാദം മുഴക്കാത്ത ക്ഷേത്രം ഏത്?
ഇക്കരകൊട്ടിയൂർ ക്ഷേത്രം 
9. ശംഖ് തീർത്ഥം സേവിക്കുന്നതിലൂടെ ഉണ്ടാകുന്ന ഗുണം എന്ത്?
രക്തശുദ്ധി
10.പൂജയ്ക്ക് ഉപയോഗിക്കുന്ന ശംഖ് ഏതാണ്?
ഇടംപിരി ശംഖ്
11.മഹാവിഷ്ണുവിന്റെ ശംഖിന്റെ പേരെന്ത്?
പാഞ്ചജന്യം
12. യുധിഷ്ഠിരന്റെ ശംഖിന്റെ പേര് എന്ത്?
അനന്തവിജയം
13.ഭീമന്റെ ശംഖിന് പറയുന്ന പേര് എന്ത്?
പൗണ്ഡ്രം 
14 . അർജ്ജുനന്റെ ശംഖിന്റെ പേര് എന്ത്?
ദേവദത്തം 
15. നകുലന്റെ ശംഖിന്റെ പേര് എന്ത്?
സുഘോഷം 
16. സഹദേവന്റെ ശംഖിന്റെ പേര് എന്ത്?
മണിപുഷ്പകം
17.ശംഖ് എന്ന പദത്തിന്റെ അർത്ഥം എന്ത്?
മംഗളകരമായധ്വനി
18.പത്മപുരാണത്തിൽ ശംഖിനെ ഏത് പേരിൽ വിശേഷിപ്പിക്കുന്നു?
ജലനിധി 
19.ഏറ്റവും ഉത്തമമായ ശംഖിന്റെ ലക്ഷണമെന്ത്?
തലഭാഗത്ത് ഏഴുചുറ്റുള്ള വലംപിരി ശംഖ്
20.ആയിരം ചുറ്റുള്ള അപൂർവ്വ ശംഖിന്റെ പേര് എന്ത്?
ചലഞ്ചലം..... 

ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ഭരത സ്വാമി ക്ഷേത്രം അത്യപൂർവ്വമായ ചില പ്രത്യേകതകൾ

ഭരതന്റെ ‍പ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് കൂടൽമാണിക്യം ക്ഷേത്രം. ക്ഷേത്രത്തിനുള്ളിൽ ഉപദേവതാപ്രതിഷ്ഠ ഇല്ലാതെ മുഖ്യപ്രതിഷ്ഠ മാത്രമേ ഉള്ളൂ എന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ക്ഷേത്രത്തിനുള്ളിൽ മറ്റു മഹാക്ഷേത്രങ്ങളെ പോലെ കൂത്തമ്പലമുണ്ട്. നാലമ്പലവും ബലിക്കൽപ്പുരയും രണ്ട്‌ നിലയിലുള്ള
വൃത്താകാരത്തിലുള്ള ശ്രീകോവിലും മണ്ഡപവുമെല്ലാം സാമാന്യം വലുതാണ്‌. ശ്രീകോവിലിന്റെ ഭിത്തികളില്‌ ധാരാളം കലാചാതുരിയോടെയുള്ള ശില്പങ്ങളുമുണ്ട്‌. ശീവേലിപ്പന്തൽ വളരെ വലുതാണ്. ബലിക്കൽപ്പുരയും വലിയമ്പലവും എല്ലാം ചെമ്പുമേഞ്ഞവയാണ്‌. മഹാവിഷ്ണുവിന്റെ അംശാവതാരവും ശ്രീരാമന്റെ സഹോദരനുമായ ഭരതനാണ്‌ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഇവിടെ ഉപദേവതകളില്ല. വിഗ്രഹത്തിന് ഏകദേശം ഒരാൾ പൊക്കമുണ്ട്‌. ചതുർബാഹുവാണ്‌. കോദണ്ഡവും അഭയമുദ്രയും ചക്രവും ശംഖും ധരിച്ചിരിക്കുന്നു. കിരീടവും കുറച്ച്‌ ആഭരണങ്ങളും ധരിച്ച്‌ കനത്തിൽ വലിയൊരു പുഷ്പമാല ചാർത്തിയിരിക്കുന്നു. അത്‌ കിരീടത്തിന്റെ മുകളിലൂടെ രണ്ട്‌ വശത്തേക്കുമായി പാദം വരെ നീണ്ടുകിടക്കുന്നു. കിഴക്കോട്ടാണ് ദർശനം. ക്ഷേത്രത്തിൽ ഉപദേവതകളില്ല. തിടപ്പള്ളിയിൽ ഹനുമാനും, വാതിൽ മാടത്തിൽ തെക്കും വടക്കും ദുർഗ്ഗയും ഭദ്രകാളിയും ഉണ്ടെന്നാണ്‌ സങ്കല്പം. ക്ഷേത്രത്തിനു ചുറ്റും നാല് വലിയ കുളങ്ങൾ ഉണ്ട്. ക്ഷേത്രവളപ്പിന് അകത്തുള്ള തീർത്ഥം കുലീപിനി മഹർഷിഇവിടെ ഒരു മഹായജ്ഞം നടത്തിയ ശേഷം പുണ്യനദിയായ ഗംഗ വന്ന് നിറഞ്ഞതായി ആണെന്ന് ഐതിഹ്യം. ഈ കുളം കുലീപിനി തീർത്ഥം എന്ന് അറിയപ്പെടുന്നു. ആറാ‍ട്ടിനും മറ്റ് ക്ഷേത്രാവശ്യങ്ങൾക്കുമുള്ള ജലം ഇവിടെനിന്നാണ് ഉപയോഗപ്പെടുത്തുന്നത്. തീർത്ഥ പ്രദക്ഷിണം പാപ ദോക്ഷത്തിനുള്ള വഴിപാടായി കണക്കാക്കുന്നു. ക്ഷേത്രത്തിൽ പ്രദക്ഷിണം പൂർണ്ണമാകണമെങ്കിൽ തീർത്ഥവും കൂത്തമ്പലവും ക്ഷേത്രത്തോടൊപ്പം പ്രദക്ഷിണത്തിൽ ഉൾപ്പെടുത്തണം എന്നാണ് വിശ്വാസം. ക്ഷേത്ര വളപ്പിനു പുറത്തായി കിഴക്കുവശത്തായി ഉള്ള കുളം കുട്ടൻ കുളം എന്ന് അറിയപ്പെടുന്നു.

വയറുവേദന മാറുന്നതിനു വഴുതനങ്ങ നിവേദ്യവും, സർവ്വ ഉദരരോഗ ശമനത്തിനു മുക്കുടി നിവേദ്യവും,ശ്വാസകോശ രോഗ ശമനത്തിനു മീനൂട്ടും , വിശേഷാവസരങ്ങളില് മഴ തടസം സൃഷ്ടിയ്ക്കാതിരിയ്ക്കാനും അഭിഷ്ടസിദ്ധിയ്ക്കുമായി താമരമാല വഴിപാടും നടത്തപ്പെടുന്നത് ഭാരതത്തിലെ ഒരേയൊരു ഭരത ക്ഷേത്രമായ കൂടൽ മാണിക്യ ക്ഷേത്രത്തിലാണ്.അയ്യായിരത്തോളം വർഷം പഴക്കമുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് സംസ്കാരിക കേന്ദ്രമായ
ഇരിഞ്ഞാലക്കുടയിലാണ്. വിഷ്ണുവിന്റെ അവതാരവും , ശ്രീരാമ സഹോദരനുമായ ഭരതനെ ഇവിടെ തന്റെ നാലു തൃക്കൈകളില് ഇടതുഭാഗത്ത് മുകളില് ചക്രവും താഴെ ശംഖും വലതുഭാഗത്ത് മുകളില് ഗദയും താഴെ അക്ഷമാലയും ധരിച്ച് മനസു മുഴുവൻ ശ്രീരാമചന്ദ്രനിൽ സമർപ്പിച്ച് തപസനുഷ്ടിയ്ക്കുന്ന ഭാവത്തില് ഒരാൾ പൊക്കത്തിലുള്ള വിഗ്രത്തിലാണ് പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നത്. ഒരൊറ്റ ചിന്തയും ഒരാരാധനമൂർത്തിയും മതിയെന്നു ഭരതന് കരുതിയതിനാലാവാം ഈ ക്ഷേത്രത്തില് ഉപദേവത ക്ഷേത്രങ്ങൾ ഒന്നുമില്ലാത്തത്.കൂടാതെ ഈ ക്ഷേത്രത്തില് വച്ച് മറ്റൊരു ദേവനെയോ , ദേവിയെയോ ഭക്തർ അരാധിയ്ക്കുന്നത് അപ്രിയമാണ് ഇവിടത്തെ ദേവന് അതിനുദാഹരണമാണ് പത്തേക്കറോളം വരുന്ന അതിവിശാലമായ ഈ ക്ഷേത്ര മൈതാനത്തില് ഇന്നുവരെ ഒരു തുളസിച്ചെടി പോലും മുളച്ചിട്ടില്ല എന്ന അത്ഭുതകരമായ കാരൃം .ക്ഷേത്രത്തിനകത്ത് തുളസിചെടി കണ്ടാൽ ഭക്തർ ആരാധനയോടെ കാണുമെന്ന് അറിയുന്നതിനാലാവാം അദ്ദേഹമതു മുളയിലെ നുള്ളിയത്.കൂടാതെ ഈ ക്ഷേത്രത്തിലെ തീർത്ഥത്തകുളത്തിനുമുണ്ട് പ്രത്യേകത എന്തെന്നാല് ഇവിടത്തെ കുളത്തില് ഗംഗ,യമുന,സരസ്വതി തുടങ്ങിയ നദികളുടെ സാന്നിധ്യമുണ്ടെന്നു കരുതപ്പെടുന്നു . ഈ കുളത്തിലെ വെള്ളമാണ് അഭിഷേകത്തിനും മറ്റു പൂജാ
ആവശ്യങ്ങൾക്കും എടുക്കുന്നത്. ഇതിലെ മത്സ്യങ്ങൾ ഓരോരോ ദേവന്മാരുടെയും അവതാരങ്ങളാണെന്ന് പറയപ്പെടുന്നു. അതിനാല് മീനൊഴികെ പാമ്പ് , തവള,തുടങ്ങിയ മറ്റു ജലജീവികളൊന്നിനെയും ഇതുവരെ ഈ ക്ഷേത്രകുളത്തില് കണ്ടെത്തിയിട്ടില്ല എന്നതും ഒരു വിസ്മയകരമായ കാര്യമാണ്. സമുദ്രത്തില് നിന്നു ലഭിച്ചതായി പറയപ്പെടുന്ന ഇവിടത്തെ വിഗ്രഹം ജലപ്രവാഹമുള്ള’ഇരു ചാലുകൾക്ക് ഇടയില് ഒരു മണൽ തിട്ടയിൽ ക്ഷേത്രം നിർമ്മിച്ചാണ് പ്രതിഷ്ഠ നടത്തിയത്. പുനപ്രതിഷ്ഠയ്ക്കു ശേഷം ഈ വിഗ്രഹത്തില് ഒരു ദിവ്യ ജ്യോതിസ് കാണപ്പെട്ടു . മാണിക്യപ്രഭ പോലെ തോന്നിയതു കാരണം അന്നത്തെ ക്ഷേത്ര ഭരണകർത്താക്കള്ക്ക് അത് യഥാർത്ഥ മാണിക്യമാണോ എന്നറിയണമെന്നു തോന്നി. അതിനായി ഒരു യഥാർത്ഥ മാണിക്യം കൊണ്ടു വന്ന് ഒത്തുനോക്കാൻ തീരുമാനമാനവുമായി. അങ്ങനെ കായംകുളം രാജാവിന്റെ പക്കല് നിന്നും ഒരു യഥാത്ഥ മാണിക്യം കൊണ്ടുവന്നു.ഈ ക്ഷേത്രത്തിലെ പൂജാരി ഈ രണ്ടു പ്രകാശങ്ങളും തമ്മില് ഒത്തുനോക്കാനായി മാണിക്യം വിഗ്രഹത്തോട് ചേർത്തുവച്ചയുടനെ ആ മാണിക്യം അലിഞ്ഞ് ഭരതവിഗ്രഹത്തില്‍ ലയിച്ചു ചേർന്നു.അങ്ങനെ മാണിക്യം വിഗ്രഹത്തോട് കൂടെ ലയിച്ചതിനാലാണ് ഈ
ക്ഷേത്രത്തിനു കൂടൽ മാണിക്യം എന്ന പേര് ലഭിച്ചതെന്നും , ഇരുചാലുകള്ക്കും ഇടയില് പ്രതിഷ്ഠ നടത്തിയതിനാല് ഈ സ്ഥലത്തിനു “ഇരുചാല്ക്കിട’എന്ന പേരു ലഭിച്ചെന്നും ഇതാണ് കാലക്രമേണ “ഇരിഞ്ഞാലക്കുടയായി മാറിയതെന്നും പറയപ്പെടുന്നു.കൂടാതെ ബ്രഹ്മവിഷ്ണു മഹേശ്വരന്മാരുടെ സാന്നിധ്യമുള്ളതിനാൽ ഈ ക്ഷേത്രം”സംഗമേശ്വര ക്ഷേത്രം’ എന്നും അറിയപ്പെടുന്നു . ഈ ക്ഷേത്രത്തിൽ തൃശ്ശൂർ പൂരത്തിനു മുന്നോടിയായി പൂരം നടത്തിപ്പുകാരായ പാറമേക്കാവ് , തിരുവമ്പാടി ദേവസ്വക്കാർ ഈ ക്ഷേത്രത്തിലെത്തി താമരമാല വഴിപാടു നടത്തുന്നതിനാലാണ് പൂരത്തിനു മഴപെയ്യാത്തത് എന്നും പറയപ്പെടുന്നു .

ഓം ശ്രീ സംഗമേശായ നമ:⁠⁠⁠⁠